ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഡിവിഷൻ ബെഞ്ച് പിന്മാറി



കൊച്ചി :  മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ വാട്ടർ വേൾഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പൊതു സ്ഥലം കൈവശപ്പെടുത്തി ടൂറിസ്റ്റ് റിസോർട്ടിലേക്ക് റോഡ് നിർമ്മിച്ചത് കേരള ഭൂ സംരക്ഷണ നിയമ പ്രകാരം കുറ്റകരമാണെന്നും ഇതിനെതിരെ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകണമെന്നും ചൂണ്ടിക്കാട്ടി തൃശൂർ വേലൂപ്പാടം സ്വദേശി ടി.എൻ. മുകുന്ദൻ ഹൈക്കോടതിയിൽ ഹർജി നൽകി. 
ഈ കൈയേറ്റത്തിനു പുറമേ മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായുള്ള വാട്ടർ വേൾഡ് ‌ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നടത്തിയ നിയമ ലംഘനങ്ങൾ വ്യക്തമാക്കി ജില്ലാ കളക്ടർ സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടും ഇതുവരെ  നടപടിയെടുത്തില്ലെന്നും തോമസ് ചാണ്ടി മന്ത്രിയായതിനാലാണ് കേസെടുക്കാൻ മടിക്കുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു. നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർക്ക് നിവേദനം നൽകിയിട്ട് നടപടി ഉണ്ടായില്ല. മന്ത്രിയുടെ കൈയേറ്റം കേരള ഭൂ സംരക്ഷണ നിയമത്തിനു പുറമേ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെയും 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെയും ലംഘനമാണ്. നിവേദനം കണക്കിലെടുത്ത് മന്ത്രി തോമസ് ചാണ്ടിയടക്കമുള്ളവർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിനും പരിസ്ഥിതി വകുപ്പ് സെക്രട്ടറിക്കും നിർദേശം നൽകണം. സർക്കാർ പുറമ്പോക്കിൽ നിന്ന് ഇവരെ ഒഴിപ്പിച്ച് സ്ഥലം പൂർവ സ്ഥിതിയിലാക്കണം. മന്ത്രി തോമസ് ചാണ്ടിയും കൂട്ടരും വാങ്ങിയ ഭൂമി കാർഷികേതര ആവശ്യങ്ങൾക്ക് വിനിയോഗിച്ചത് ഭൂമി പതിച്ചു നൽകൽ ചട്ടത്തിനു വിരുദ്ധമായതിനാൽ ഈ ഭൂമിയുടെ പട്ടയം റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 
മന്ത്രി തോമസ് ചാണ്ടിക്ക് എതിരെ ഹൈക്കോടതിയിലെത്തുന്ന മൂന്നാമത്തെ ഹർജിയാണിത്. മാർത്താണ്ഡം കായൽ ഭൂമി കൈയേറിയ മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടിയാവശ്യപ്പെട്ട് ആലപ്പുഴ ജില്ലയിലെ കൈനകരി പഞ്ചായത്തംഗം ബി.കെ. വിനോദ്, കരിവേലി പാടശേഖര സമിതി എന്നിവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിൽ ബി.കെ. വിനോദ് നൽകിയ ഹർജിയിൽ മന്ത്രി തോമസ് ചാണ്ടിയുടെ വാട്ടർ വേൾഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പുറമ്പോക്ക് ഭൂമി ഉൾപ്പെടെ മണ്ണിട്ടു നികത്തിയെന്നും ഇതു കണ്ടെത്തി സ്റ്റോപ്പ് മെമ്മോ നൽകിയെന്നും ആലപ്പുഴ ജില്ലാ കളക്ടർ ടി.വി അനുപമ റിപ്പോർട്ട് നൽകിയിരുന്നു. 

 ഡിവിഷൻ ബെഞ്ച് പിന്മാറി 
മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന ടി.എൻ. മുകുന്ദന്റെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പിന്മാറി. ഇന്നലെ ഹർജി പരിഗണനയ്ക്കെടുത്തപ്പോൾ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഒഴിവാകുയാണെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അടുത്ത ദിവസം ഹർജി മറ്റൊരു ഡിവിഷൻ ബെഞ്ച് പരിഗണിക്കും. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നക്സൽ വർഗീസ് പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവത്തിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട്

ഡ്രൈവർ അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ

സെൻകുമാറിനെ നിയമിക്കണമെന്ന ആവശ്യം