നക്സൽ വർഗീസ് പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവത്തിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട്
കൊച്ചി : മുതിർന്ന ചലച്ചിത്ര നടിയെ 2011 ൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ രണ്ടു പ്രതികൾ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ നാലാം പ്രതി കുന്നത്തുനാട് നോർത്ത് മഴുവന്നൂർ കൊമ്പനാൽ വീട്ടിൽ എബിൻ കുര്യാക്കോസ് (27), അഞ്ചാം പ്രതി മഴുവന്നൂർ വാഴക്കുഴി തടത്തിൽ ബിബിൻ വി.പോൾ (27) എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.
ഒാർക്കുട്ട് ഒരു ഒാർമ്മക്കൂട്ട് എന്ന ചിത്രത്തിൽ അഭിനയിക്കാൻ തിരുവനന്തപുരത്ത് നിന്ന് എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിലെത്തിയ നടിയെ ഒരു ടെമ്പോ ട്രാവലറിൽ പൾസർ സുനിയടക്കമുള്ള പ്രതികൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് കേസ്. സംഘത്തിന്റെ നീക്കത്തിൽ സംശയം തോന്നിയ നടി ചലച്ചിത്ര നിർമ്മാതാവുകൂടിയായ ഭർത്താവിനെ ഫോണിൽ വിളിച്ചതോടെയാണ് തട്ടിക്കൊണ്ടു പോകാനുള്ള നീക്കം പൊളിഞ്ഞത്. ഇവരെ കുമ്പളത്ത് ഒരു റിസോർട്ടിനു മുന്നിൽ ഇറക്കിവിട്ട് സംഘം കടന്നു കളഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ യുവനടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ പൾസർ സുനി അറസ്റ്റിലായതോടെയാണ് ഈ കേസും പുറത്തു വന്നത്. കേസിൽ രണ്ടു പ്രതികളും നൽകിയ ജാമ്യാപേക്ഷ എറണാകുളം അഡി. ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി നേരത്തെ തള്ളിയിരുന്നു.
കൊച്ചി : കോവളം കൊട്ടാരം കോടതിയുത്തരവനുസരിച്ച് വിട്ടുനൽകാത്തതിനെതിരെ കോവളം റിസോർട്ട് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ഡോ. ബി. രവിപിള്ള നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. കൊട്ടാരം വിട്ടു നൽകാൻ നെയ്യാറ്റിൻകര തഹസീൽദാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചതിനെത്തുടർന്നാണ് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്. കൊട്ടാരം കൈമാറ്റവുമായി ബന്ധപ്പെട്ട് ഹർജിക്കാർക്ക് പ്രശ്നം ഉണ്ടായാൽ ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കോവളം കൊട്ടാരം ഏറ്റെടുക്കൽ നിയമപ്രകാരം കൊട്ടാരവും 64.5 ഏക്കർ സ്ഥലവും സർക്കാർ ഏറ്റെടുത്തത് കോടതി റദ്ദാക്കിയെങ്കിലും ഇവ തിരിച്ചു നൽകിയില്ലെന്നാണ് ഹർജിയിലെ ആക്ഷേപം.
1970 ൽ സംസ്ഥാന സർക്കാർ ഇന്ത്യൻ ടൂറിസം വികസന കോർപ്പറേഷനു കൈമാറിയ കൊട്ടരവും സ്ഥലവും 2002 ലാണ് കേന്ദ്ര സർക്കാർ ഒാഹരി വില്പനയിലൂടെ സ്വകാര്യ ഗ്രൂപ്പിന് കൈമാറിയത്. പിന്നീട് 2005 മേയിൽ ഒാർഡിനൻസും അതേ വർഷം ആഗസ്റ്റിൽ നിയമവും കൊണ്ടുവന്നാണ് സംസ്ഥാന സർക്കാർ ഇവ തിരിച്ചെടുത്തത്. ഇതിനെതിരെ റിസോർട്ട് ഉടമ നൽകിയ ഹർജിയിൽ ഏറ്റെടുക്കൽ നടപടി ഹൈക്കോടതി റദ്ദാക്കി. ഇതു സുപ്രീം കോടതിയും ശരിവച്ചതോടെ കൊട്ടാരവും ഭൂമിയും വിട്ടുകിട്ടാൻ സർക്കാരിന് നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് രവിപിള്ള ഹൈക്കോടതിയെ സമീപിച്ചത്.
കൊച്ചി : സുൽത്താൻ ബത്തേരി ഡോൺ ബോസ്കോ കോളേജിലെ വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 14 എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് ഹൈക്കോടതി സോപാധിക ജാമ്യം അനുവദിച്ചു. റിമാൻഡിൽ കഴിയുന്ന ഫെബിൻ, ഹരികൃഷ്ണൻ, ലിജോ ജോണി തുടങ്ങി 14 പേർക്കാണ് ജാമ്യം അനുവദിച്ചത്. ജൂലായ് 11 നു കോളേജിൽ അതിക്രമിച്ചു കയറി നാശനഷ്ടമുണ്ടാക്കിയ പ്രതികൾ പ്രിൻസിപ്പലിനെ ആക്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് കോളേജിന് പത്തു ലക്ഷം രൂപ നഷ്ടമുണ്ടായെന്നും റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് പൊതുമുതൽ നശിപ്പിച്ചതു കണക്കിലെടുത്ത് ജാമ്യവ്യവസ്ഥയ്ക്കു പുറമേ പ്രതികൾ 10,000 രൂപ വീതം കെട്ടിവെക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
കൊച്ചി : നക്സൽ വർഗീസ് പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവത്തിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് നൽകിയ ഹർജി വേഗം പരിഗണിക്കാൻ ബന്ധുക്കൾ ഹൈക്കോടതിയിൽ അപേക്ഷ നൽകി.
വർഗീസിന്റെ സഹോദരൻ എ. തോമസടക്കമുള്ളവരാണ് നഷ്ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജി 2014 മുതൽ ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്നും വേഗം പരിഗണിച്ച് തീർപ്പാക്കണമെന്നുമാണ് അപേക്ഷയിലെ ആവശ്യം. തോമസ് ഉൾപ്പെടെയുള്ള ഹർജിക്കാരാണ് അപേക്ഷ നൽകിയത്. കൊടും കുറ്റവാളിയായ നക്സൽ വർഗീസ് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്നും 1970 ഫെബ്രുവരി 9,10 തീയതികളിൽ തിരുനെല്ലിയിലുണ്ടായ കവർച്ചയിലും കൊലപാതകത്തിലും ഇയാൾ പ്രതിയായിരുന്നെന്നും ഹർജിയിൽ സർക്കാർ നേരത്തെ വിശദീകരിച്ചിരുന്നു.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ