സെൻകുമാറിനെ നിയമിക്കണമെന്ന ആവശ്യം
കൊച്ചി : കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അംഗമായി മുൻ ഡി.ജി.പി ടി.പി സെൻകുമാറിനെ നിയമിക്കണമെന്ന ആവശ്യം സംസ്ഥാന സർക്കാർ നൽകിയ ശുപാർശ കത്തിലില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. പുതിയ നിയമനം നടത്തണമെന്നാവശ്യപ്പെടുന്ന കത്താണ് സംസ്ഥാന സർക്കാർ നൽകിയതെന്നും കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ ബോധിപ്പിച്ചു. തുടർന്ന് ഇക്കാര്യം രേഖാമൂലം അറിയിക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി.
പുതിയ നിയമനം നടത്താൻ ശുപാർശ ചെയ്തിട്ടില്ലെന്നും നിയമന കാര്യത്തിൽ അഭിപ്രായവും വിയോജിപ്പും അറിയിക്കാൻ സർക്കാരിന് അവകാശമുണ്ടെന്നും സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ വ്യക്തമാക്കി. തുടർന്ന് ഹർജി പിന്നീടു പരിഗണിക്കാൻ മാറ്റി. ടി.പി. സെൻകുമാറിനെയും മുൻ അഡിഷണൽ ചീഫ് സെക്രട്ടറി വി. സോമസുന്ദരത്തെയും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അംഗങ്ങളായി നിയമിക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട സമിതി നിർദേശിച്ചിട്ടും സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് സതീഷ് എന്നയാൾ നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. സെൻകുമാർ സർക്കാരിന് അനഭിമതനായതിനാൽ അദ്ദേഹത്തെ ഒഴിവാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട സമിതി നിർദേശിച്ച പേരുകൾ അംഗീകരിച്ച് സർക്കാർ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ നിർദേശിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ