മൈസൂർ സ്വദേശി മൈക്കിൾ ഫ്ളോയ്ഡ് ഇൗശ്വർ നൽകിയ ഹർജി
കൊച്ചി : പത്താം ക്ളാസ് വിദ്യാർത്ഥിനി ഗൗരി നേഹയുടെ ആത്മഹത്യയെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂൾ അദ്ധ്യാപികമാരായ ക്രസന്റ് നേവിസ്, സിന്ധു പോൾ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ഹർജി സിംഗിൾബെഞ്ച് വിധി പറയാൻ മാറ്റി. പത്താം ക്ളാസ് വിദ്യാർത്ഥിനിയായ ഗൗരി നേഹ ഒക്ടോബർ 20 നാണ് സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയത്. രണ്ടു ദിവസത്തിനുശേഷം ആശുപത്രിയിൽ മരിച്ചു. അദ്ധ്യാപികമാരായ ക്രസന്റ് നേവിസും സിന്ധു പോളും പരസ്യമായി ആക്ഷേപിച്ചതിനെ തുടർന്നാണ് ഗൗരി നേഹ ആത്മഹത്യ ചെയ്തെന്ന് വ്യക്തമാക്കി ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. എന്നാൽ കുട്ടികൾ തമ്മിലുള്ള നിസാര പ്രശ്നത്തെത്തുടർന്ന് ഗൗരി ആത്മഹത്യ ചെയ്തതിൽ തങ്ങൾക്ക് പങ്കില്ലെന്നും മാദ്ധ്യമങ്ങളുടെ ഇടപെടലിനെത്തുടർന്നാണ് കേസെടുത്തതെന്ന് ആരോപിച്ചാണ് ഇരുവരും മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
ഹർജിയിൽ കക്ഷി ചേരാനെത്തിയ ഗൗരിനേഹയുടെ പിതാവ് പ്രസന്ന കുമാറിന്റെ വാദവും സിംഗിൾബെഞ്ച് കേട്ടു. തുടർന്നാണ് വിധി പറയാൻ മാറ്റിയത്.
ഹർജിയിൽ കക്ഷി ചേരാനെത്തിയ ഗൗരിനേഹയുടെ പിതാവ് പ്രസന്ന കുമാറിന്റെ വാദവും സിംഗിൾബെഞ്ച് കേട്ടു. തുടർന്നാണ് വിധി പറയാൻ മാറ്റിയത്.
കൊച്ചി : വെള്ളമുണ്ട സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്റെ വീടാക്രമിച്ച കേസിൽ മാവോയിസ്റ്റുകളായ രണ്ടു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഏഴാം പ്രതി അനൂപ് മാത്യു, എട്ടാം പ്രതി ഇബ്രാഹിം എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. 2014 ലാണ് സംഘം പൊലീസ് ഉദ്യോഗസ്ഥന്റെ വീടാക്രമിച്ചത്. 2015 ൽ പിടിയിലായ ഇരുവരുമിപ്പോൾ ജുഡിഷ്യൽ കസ്റ്റഡിയിലാണ്.
കൊച്ചി : വയനാട്ടിലെ കാർത്തിക്കുളം, ആലത്തൂർ എസ്റ്റേറ്റുകൾ അവകാശികളില്ലെന്ന കാരണത്താൽ ഏറ്റെടുക്കാൻ സർക്കാർ നടപടിയെടുത്തതിനെതിരെ മൈസൂർ സ്വദേശി മൈക്കിൾ ഫ്ളോയ്ഡ് ഇൗശ്വർ നൽകിയ ഹർജിയിൽ ഇക്കാര്യം വയനാട് ജില്ലാ കളക്ടർ പരിഗണിച്ച് തീർപ്പാക്കാൻ ഹൈക്കോടതി നിർദേശിച്ചു. മൈസൂർ സ്വദേശിയായ എഡ്വിൻ യൂബർട്ട് വാൻ ഇങ്കന്റെ പേരിലെ എസ്റ്റേറ്റുകളാണ് അവകാശികളില്ലാത്ത സ്വത്ത് കണ്ടുകെട്ടാനുള്ള നിയമപ്രകാരം ഏറ്റെടുക്കാൻ കളക്ടർ നടപടി സ്വീകരിച്ചത്. എന്നാൽ താൻ വാൻ ഇങ്കന്റെ ദത്ത് പുത്രനാണെന്നും തനിക്ക് ഇഷ്ടദാനമായി നൽകിയ എസ്റ്റേറ്റുകൾ ഏറ്റെടുക്കാനുള്ള സർക്കാർ നടപടി നിയമവിരുദ്ധമാണെന്നും കാണിച്ചാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. 2013 ലാണ് വാൻ ഇങ്കൻ മരിച്ചത്. ഒസ്യത്ത് എഴുതാതെ മരിച്ചതിനാലാണ് ഭൂമി ഏറ്റെടുക്കാനുള്ള നടപടി സർക്കാർ സ്വീകരിച്ചത്. എന്നാൽ 220.19 ഏക്കർ വരുന്ന സ്ഥലം തനിക്ക് ഇഷ്ടദാനം നൽകിയതാണെന്ന് ജില്ലാ കോടതിയുടെ നേരത്തെയുള്ള ഒരു വിധിയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.
കൊച്ചി: തൃശൂർ ജില്ലയിലെ കൊരട്ടിയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാരിന്റെ പ്രസ് അടച്ചു പൂട്ടുന്നതിനെതിരായ ഹർജിയിൽ ഹൈക്കോടതിയിൽ കേന്ദ്ര സർക്കാരിന്റെയും പ്രിന്റിംഗ് ഡയറക്ടറുടെയും വിശദീകരണം തേടി. കൊരട്ടിയിലെ പ്രസ് അടച്ചു പൂട്ടി ജീവനക്കാരെ നാസിക്കിലുള്ള സെൻട്രൽ പ്രസിലേക്ക് മാറ്റാനുള്ള തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവ.ഒഫ് ഇന്ത്യ പ്രസ് വർക്കേഴ്സ് യൂണിയനും രണ്ട് തൊഴിലാളികളുമാണ് ഹർജി നൽകിയത്. രാജ്യത്തെ 17 കേന്ദ്രസർക്കാർ പ്രസുകളെക്കുറിച്ച് പഠിച്ച പാർലമെന്ററി സമിതി കൊരട്ടിയിലെ പ്രസ് ആധുനികവത്കരിക്കാനാണ് ശുപാർശ ചെയ്തത്. എന്നാൽ ഈ നിർദേശം കാറ്റിൽ പറത്തി കൊരട്ടി, കോയമ്പത്തൂർ, മൈസൂർ എന്നിവിടങ്ങളിലെ പ്രസുകൾ അടച്ചു പൂട്ടാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഇതോടെ ദക്ഷിണേന്ത്യയിൽ കേന്ദ്ര സർക്കാർ പ്രസ് ഇല്ലാതാകും. അംഗ വൈകല്യമുളളവരും ശാരീരിക ബുദ്ധിമുട്ടുകളുള്ളവരുമായ നിരവധി ജീവനക്കാർ കൊരട്ടിയിലെ പ്രസിൽ ജോലി നോക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ തീരുമാനം ഇവരെ പ്രതികൂലമായി ബാധിക്കും. അധികൃതർക്ക് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും കോടതി ഇടപെടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
കൊച്ചി : തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് തൃശൂർ ജില്ലയിലെ ഉൗരകം അമ്മത്തിരുവടി ക്ഷേത്രത്തിലെ സ്വർണ്ണ നെറ്റിപ്പട്ടം എത്തിക്കുന്ന കാര്യത്തിൽ ദൈവഹിതം നോക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ദേവപ്രശ്നത്തിനുള്ള ദൈവജ്ഞരുടെ ലിസ്റ്റ് തയ്യാറാക്കി നൽകാൻ ഉൗരകം ക്ഷേത്ര ഭാരവാഹികളോടും പൂർണത്രയീശ ക്ഷേത്രം അധികൃതരോടും കൊച്ചിൻ ദേവസ്വം ബോർഡിനോടും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ സ്വർണ്ണ നെറ്റിപ്പട്ടം ഉരുക്കിയതിനെത്തുടർന്നാണ് ഉൗരകത്തു നിന്ന് നെറ്റിപ്പട്ടം കൊണ്ടുവരാൻ അധികൃതർ ഹൈക്കോടതിയുടെ അനുമതി തേടിയത്. വൃശ്ചികോത്സവത്തിന്റെ നാലാം ദിനമായ നവംബർ 21 മുതൽ 25 വരെ ക്ഷേത്രാചാരങ്ങൾക്കനുസരിച്ച് ഉൗരകം ക്ഷേത്രത്തിൽ നിന്ന് നെറ്റിപ്പട്ടം കൊണ്ടുവന്ന് ഉപയോഗിക്കാൻ ഹൈക്കോടതി അനുമതിയും നൽകിയിരുന്നു. എന്നാൽ നെറ്റിപ്പട്ടം വിട്ടു കൊടുക്കുന്നത് വിശ്വാസത്തിന് വിരുദ്ധമാണെന്ന് ഉൗരകം ക്ഷേത്രാധികൃതർ വാദിച്ചു. തുടർന്നാണ് പരിഹാരം എന്ന നിലയിൽ കക്ഷികളുടെ ആവശ്യപ്രകാരം ദേവപ്രശ്നം നടത്താൻ ദേവസ്വം ബെഞ്ച് അനുമതി നൽകിയത്.
തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ സ്വർണ്ണ നെറ്റിപ്പട്ടം ഉരുക്കിയതിനെത്തുടർന്നാണ് ഉൗരകത്തു നിന്ന് നെറ്റിപ്പട്ടം കൊണ്ടുവരാൻ അധികൃതർ ഹൈക്കോടതിയുടെ അനുമതി തേടിയത്. വൃശ്ചികോത്സവത്തിന്റെ നാലാം ദിനമായ നവംബർ 21 മുതൽ 25 വരെ ക്ഷേത്രാചാരങ്ങൾക്കനുസരിച്ച് ഉൗരകം ക്ഷേത്രത്തിൽ നിന്ന് നെറ്റിപ്പട്ടം കൊണ്ടുവന്ന് ഉപയോഗിക്കാൻ ഹൈക്കോടതി അനുമതിയും നൽകിയിരുന്നു. എന്നാൽ നെറ്റിപ്പട്ടം വിട്ടു കൊടുക്കുന്നത് വിശ്വാസത്തിന് വിരുദ്ധമാണെന്ന് ഉൗരകം ക്ഷേത്രാധികൃതർ വാദിച്ചു. തുടർന്നാണ് പരിഹാരം എന്ന നിലയിൽ കക്ഷികളുടെ ആവശ്യപ്രകാരം ദേവപ്രശ്നം നടത്താൻ ദേവസ്വം ബെഞ്ച് അനുമതി നൽകിയത്.

അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ