സ്കൂളുകൾ സർക്കാർ ഏറ്റെടുത്തത് ഹൈക്കോടതി ശരിവച്ചു
കൊച്ചി : കോടതിയുത്തരവിനെത്തുടർന്ന് അടച്ചു പൂട്ടിയ മൂന്നു സ്കൂളുകൾ സർക്കാർ ഏറ്റെടുത്തത് ഹൈക്കോടതി ശരിവച്ചു. കോഴിക്കോട് ജില്ലയിലെ തിരുവണ്ണൂർ പാലാട്ടു നഗർ എ. യു. പി. സ്കൂൾ, മലപ്പുറം മാങ്ങാട്ട്മുറി എ.എം. എൽ.പി സ്കൂൾ, തൃശൂർ കിരാലൂർ പരശുരാമ സ്മാരക എൽ.പി സ്കൂൾ എന്നിവയേറ്റെടുത്ത നടപടിയാണ് ഡിവിഷൻബെഞ്ച് ശരിവച്ചത്.
നഷ്ടത്തിലായതിനെത്തുടർന്ന് സ്കൂളുകൾ പൂട്ടാനുള്ള മാനേജ്മെന്റുകളുടെ തീരുമാനം നേരത്തെ ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചിരുന്നു. എന്നാൽ 2016 ജൂണിൽ ഇൗ സ്കൂളുകൾ ഏറ്റെടുത്തു നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതിനെതിരെ മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചു. സ്കൂളുകൾ ഏറ്റെടുക്കാൻ സർക്കാരിനെ അനുവദിക്കരുത്, ഏറ്റെടുത്താൽ നിയമാനുസൃതമായ നഷ്ടപരിഹാരം ലഭ്യമാക്കണം എന്നിവയായിരുന്നു ആവശ്യങ്ങൾ. ഈ വാദങ്ങൾ സിംഗിൾ ബെഞ്ച് തള്ളി. തുടർന്ന് സ്കൂൾ മാനേജ്മെന്റുകൾ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. വിദ്യാർത്ഥികളുടെ പഠിക്കാനുള്ള അവകാശത്തെ സംരക്ഷിക്കാൻ സർക്കാരിന് ബാദ്ധ്യത ഉണ്ടെന്നും കേരള വിദ്യാഭ്യാസ ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരം സ്കൂൾ ഏറ്റെടുക്കാൻ സർക്കാരിന് കഴിയുമെന്നും വിലയിരുത്തി അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ