മാണിക്കെതിരായ ബാർ കോഴക്കേസിലെ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ ഹൈക്കോടതി

കൊച്ചി : മുൻമന്ത്രി കെ.എം.മാണിക്കെതിരായ ബാർ കോഴക്കേസിലെ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ ഹൈക്കോടതി വിജിലൻസിനു നിർദേശം നൽകി. തുടരന്വേഷണം റദ്ദാക്കാൻ കെ.എം. മാണി നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റ നിർദേശം. ബാർ ലൈസൻസ് പുതുക്കി നൽകാൻ ഹോട്ടലുടമകളിൽ നിന്ന് മാണി കൈക്കൂലി വാങ്ങിയെന്ന ബിജു രമേശിന്റെ പരാതിയെ തുടർന്ന് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ രണ്ടാം വട്ട തുടരന്വേഷണമാണ് നടന്നു വരുന്നത്. ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ അന്വേഷണം പുരോഗമിക്കുകയാണെന്ന് സർക്കാർ അഭിഭാഷകൻ ബോധിപ്പിച്ചു. ബിജു രമേശ് ഹാജരാക്കിയ ശബ്ദരേഖയുടെ വിവരങ്ങൾ ഉറപ്പാക്കാൻ വോയ്സ് ടെസ്റ്റ് നടത്തേണ്ടതുണ്ടെന്നും സർക്കാർ പറഞ്ഞു. ബാർ കോഴയുമായി ബന്ധപ്പെട്ട്  പണം കണ്ടെത്തിയോയെന്ന് കോടതി വാക്കാൽ ചോദിച്ചു. ഇല്ലെന്നായിരുന്നു സർക്കാരിന്റെ മറുപടി. തുടർന്നാണ് ഹൈക്കോടതി അന്വേഷണ പുരോഗതി റിപ്പോർട്ട് തേടിയത്. 

കൊച്ചി : മുൻമന്ത്രി എ.കെ. ശശീന്ദ്രനെതിരായ ഫോൺകെണിക്കേസിൽ അന്വേഷണ കമ്മിഷനെ നിയോഗിച്ചതിനെതിരെ സ്വകാര്യ ചാനലുടമ സാജൻ വർഗീസ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേന്ദ്ര ലൈസൻസിന്റെ അടിസ്ഥാനത്തിലാണ് ചാനൽ പ്രവർത്തിക്കുന്നതെന്നും സംപ്രേഷണം അടക്കമുള്ള കാര്യങ്ങൾ കേന്ദ്ര സർക്കാരിന്റെ അധികാര പരിധിയിലുള്ള വിഷയമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. എന്നാൽ ഈ വാദം സിംഗിൾബെഞ്ച് തള്ളി. പൊതുസമൂഹം വാർത്താചാനലുകൾ കാണുന്നത് എതിർപ്പോ വൈമനസ്യമോ ഇല്ലാതെയാണ്. 2016 മാർച്ച് 26 നാണ് വിവാദ ശബ്ദരേഖ ഉൾപ്പെട്ട വാർത്ത ചാനൽ സംപ്രേഷണം ചെയ്തത്. ലൈംഗികച്ചുവയുള്ള സംഭാഷണം ചാനൽ സംപ്രേഷണം ചെയ്തതു വഴി മന്ത്രിക്ക് രാജി വെക്കേണ്ടി വന്നു. മാദ്ധ്യമങ്ങൾ അനുഭവിക്കുന്നത് ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യമെന്ന ഉറപ്പാണ്. ഇതൊരു സമ്പൂർണ്ണ സ്വാതന്ത്ര്യമല്ല. പൊതു സമൂഹത്തിൽ കേൾക്കാനാഗ്രഹിക്കാത്തത് കേൾപ്പിക്കാനുള്ള സ്വാതന്ത്ര്യമല്ലയിത്. സമൂഹത്തെ അലോസരപ്പെടുത്തുന്നതും മനസമാധാനം കെടുത്തുന്നതുമായ എന്തു വസ്തുതകളും പൊതു ജീവിതത്തെ ബാധിക്കുന്നതാണ്. അതു പൊതുതാല്പര്യത്തിന്റെ പരിധിയിൽ വരും. ലൈസൻസ് നൽകുന്നത് കേന്ദ്ര സർക്കാരാണെങ്കിലും പൊതുതാല്പര്യത്തെ ബാധിക്കുന്ന വിഷയത്തിൽ നടപടി എടുത്തതിൽ തെറ്റില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. 

കൊച്ചി : സംസ്ഥാനത്തെ ടൂ സ്റ്റാർ ഹോട്ടലുകൾക്കും ബാർ ലൈസൻസ് നൽകാൻ സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കേരള ബാർ ഹോട്ടൽസ് അസോസിയേഷൻ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാടു തേടി. ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2014 ൽ ഫൈവ് സ്റ്റാർ ഹോട്ടലുകളൊഴികെയുള്ളവയ്ക്ക് ബാർ ലൈസൻസ് നൽകണ്ട എന്നു തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ടൂ സ്റ്റാർ ഹോട്ടലുകളടക്കമുള്ളവ ബിയർ ആൻഡ് വൈൻ പാർലറുകൾ തുടങ്ങി. എന്നാൽ പുതിയ സർക്കാർ ത്രീ സ്റ്റാർ മുതൽ മുകളിലേക്കുള്ള ഹോട്ടലുകൾക്ക് കൂടി ബാർ അനുവദിക്കാൻ തീരുമാനിച്ചു. ഇതു വിവേചനപരമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. 2014 മാർച്ച് 31 വരെ ബാർ ലൈസൻസുണ്ടായിരുന്നു ഹോട്ടലുകൾക്ക് മുഴുവൻ ലൈസൻസ് പുതുക്കി നൽകണമെന്നാവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകിയിട്ടും നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിൽ ടൂ സ്റ്റാർ ഹോട്ടലുകളടക്കമുള്ളവയ്ക്ക് ബാർ ലൈസൻസ് നൽകാൻ സർക്കാരിനു നിർദേശം നൽകണമെന്നും അസോസിയേഷൻ നൽകിയ നിവേദനം പരിഗണിച്ചു തീർപ്പാക്കാൻ നിർദേശിക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. 

കൊച്ചി : ടോമിൻ. ജെ. തച്ചങ്കരി ട്രാൻസ്പോർട്ട് കമ്മിഷണറായിരിക്കെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നിയമനം നടത്തിയതുമായി ബന്ധപ്പെട്ട് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. കേസന്വേഷണം പുരോഗമിക്കുകയാണെന്ന സർക്കാർ വാദം അംഗീകരിച്ച സിംഗിൾബെഞ്ച് അന്വേഷണത്തിനെതിരെ തൃശൂർ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീഹരി നൽകിയ ഹർജിയിലെ തുടർ നടപടികൾ അവസാനിപ്പിച്ചു. മോട്ടോർ വാഹന വകുപ്പിൽ മിനിസ്റ്റീരിയൽ സ്റ്റാഫായ തന്നെ എ.എം.വി.ഐയായി നിയമിച്ചതിൽ അപാകതയില്ലെന്നും മതിയായ യോഗ്യതയുണ്ടെന്ന് കണ്ടാണ് നിയമനമെന്നും ഹർജിക്കാരൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഹർജിക്കാരന്റെ ബി. ടെക്ക് ബിരുദത്തിൽ അപാകതയുണ്ടെന്ന് സംശയം പ്രകടിപ്പിച്ച ഹൈക്കോടതി കേസിൽ അന്വേഷണം തുടരാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

കൊച്ചി : വളഞ്ഞമ്പലത്ത് ദേവീ ക്ഷേത്രത്തോടു ചേർന്നുള്ള പഴയ കെട്ടിടത്തിൽ നിന്ന് വാടകക്കാരെ ഒഴിപ്പിച്ച് സ്ഥലമേറ്റെടുക്കാൻ ഹൈക്കോടതി കൊച്ചിൻ ദേവസ്വം ബോർഡിനോടു നിർദേശിച്ചു. 
ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിഞ്ഞു വീഴാറായി നിൽക്കുകയാണെന്നു ചൂണ്ടിക്കാട്ടി പൂണിത്തുറ സ്വദേശി ഉണ്ണികൃഷ്‌ണൻ നൽകിയ ഹർജിയിലാണ് ദേവസ്വം ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. നിയമാനുസൃതം വാടകക്കാരെ ഒഴിപ്പിച്ച് സ്ഥലവും കെട്ടിടവും ഏറ്റെടുക്കാൻ നിർദേശിച്ച ഡിവിഷൻ ബെഞ്ച് ഇതു സംബന്ധിച്ച നടപടികൾ വ്യക്തമാക്കി റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്. ഒരു മാസം കഴിഞ്ഞ് ഹർജി വീണ്ടും പരിഗണിക്കും.

കൊച്ചി : ശബരിമലയിലേക്കും മാളികപ്പുറത്തേക്കുമുള്ള മേൽശാന്തി നിയമനത്തിന് മലയാളി ബ്രാഹ്മണരിൽ നിന്നു മാത്രം അപേക്ഷ ക്ഷണിച്ചതിനെതിരെ കോട്ടയം മൂലവട്ടം സ്വദേശി വിഷ്‌ണു നാരായണൻ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും നിലപാടു തേടി. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. 
ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തി നിയമനത്തിനുവേണ്ട യോഗ്യത തനിക്കുണ്ടെന്നും ഇൗഴവ സമുദായാംഗമായ ഹർജിക്കാരൻ വ്യക്തമാക്കുന്നു. 2002 ലെ ആദിത്യൻ കേസിൽ പൂജാരിമാരുടെയും ശാന്തിക്കാരുടെയും നിയമനങ്ങൾക്ക് ജാതി, കുലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം പാടില്ലെന്ന് സുപ്രീം കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. ഇതനുസരിച്ച്  ജാതി, കുലം എന്നീ വേർതിരിവില്ലാതെ ശാന്തി നിയമനം നടത്താൻ സർക്കാർ തീരുമാനിച്ചതായി ദേവസ്വം സെക്രട്ടറി 2014 ൽ വിവിധ ദേവസ്വം ബോർഡുകളിലെ കമ്മിഷണർമാർക്ക്  കത്തു നൽകിയിരുന്നു. സുപ്രീം കോടതിയുത്തരവും സർക്കാരിന്റെ ഈ കത്തും മറികടന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ദേവസ്വം കമ്മിഷണർ ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനത്തിനായി മലയാളി ബ്രാഹ്മണരിൽ നിന്നു മാത്രം അപേക്ഷ ക്ഷണിച്ചതെന്ന് ഹർജിയിൽ ആരോപിക്കുന്നു. ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനത്തിന് മലയാളി ബ്രാഹ്മണരിൽ നിന്നു മാത്രം അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം റദ്ദാക്കണമെന്നും മേൽശാന്തി നിയമനത്തിനു സമർപ്പിച്ച തന്റെ അപേക്ഷ പരിഗണിക്കാൻ നിർദേശിക്കണമെന്നുമാണ് ഹർജിയിലെ മുഖ്യ ആവശ്യങ്ങൾ. ഹർജിക്കാരനടക്കം ഹിന്ദു മതത്തിലുൾപ്പെട്ട യോഗ്യരായ ആർക്കും മേൽശാന്തി നിയമനത്തിന് അർഹതയുണ്ടെന്ന് ഹൈക്കോടതി പ്രഖ്യാപിക്കണെമന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നക്സൽ വർഗീസ് പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവത്തിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട്

ഡ്രൈവർ അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ

സെൻകുമാറിനെ നിയമിക്കണമെന്ന ആവശ്യം