കനോലി കനാലിന്റെ പഴയ പ്രതാപം
കൊച്ചി : കോഴിക്കോട് കനോലി കനാലിന്റെ പഴയ പ്രതാപം വീണ്ടെടുക്കണമെന്നും കനാലിൽ കൂടുതൽ ചെളി അടിയുന്നതും കനാൽ ഭൂമി കൈയേറുന്നതും സർക്കാർ തടയണമെന്നും ഹൈക്കോടതി നിർദേശിച്ചു.
കനോലി കനാലിന്റെ സംരക്ഷണം ആവശ്യപ്പെട്ട് കോഴിക്കോട് കാരാപ്പറമ്പ് സ്വദേശിനി ജന്നത്ത് നിസ ഉൾപ്പെടെ 11 പേർ നൽകിയ പൊതുതാല്പര്യ ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. 1848 ൽ മലബാറിലെ ബ്രിട്ടീഷ് കളക്ടറായിരുന്ന ഹെൻറി വാലന്റൈൻ കനോലിയാണ് ഈ കനാൽ ചരക്കു നീക്കത്തിനും ഉൾനാടൻ ജലഗതാഗതത്തിനുമായി തുറന്നു കൊടുത്തത്. എന്നാൽ ട്രെയിനുകളുടെ വരവോടെ കനാലിന്റെ ഉപയോഗം പരിമിതമായി. ചെളിയും മാലിന്യങ്ങളും അടിഞ്ഞ് കനാൽ നികന്ന നിലയിലായെന്നും ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. കൊല്ലം - കൊടുങ്ങല്ലൂർ ദേശീയ ജലപാത കനോലി കനാലിന്റെ തുടക്കഭാഗമായ മൂരിയാട് വരെ നീട്ടിയിട്ടുണ്ട്. മാത്രമല്ല, മൂരിയാട് മുതൽ നീലേശ്വരം വരെ സംസ്ഥാന ജലപാത ഒരുക്കാനും പദ്ധതിയുണ്ട്. ടൂറിസം, ചരക്കു ഗതാഗതം എന്നിവ ലക്ഷ്യമാക്കിയാണ് ഈ പദ്ധതി. കനോലി കനാലിന്റെ കോഴിക്കോട് നഗരസഭയുടെ പരിധിയിലുള്ള ഭാഗം മാലിന്യങ്ങൾ തള്ളാനുള്ള മേഖലയായി മാറിക്കഴിഞ്ഞു. ഇതു തുടർന്നാൽ ജലഗതാഗതം സാദ്ധ്യമല്ലാതായിത്തീരും. ഉടൻ ചെളി നീക്കി, നീരൊഴുക്ക് സുഗമമാക്കിയില്ലെങ്കിൽ കുറച്ചു കാലം കൊണ്ട് കനാൽ അപ്രത്യക്ഷമാകും. നികത്തു ഭൂമിയായി കനോലി കനാൽ മാറുന്നതോടെ കൈയേറ്റവും വ്യാപകമാവും. ഇതു തടയണം. കനാലിന്റെ വീതികൂട്ടുന്നതിൽ നിന്ന് സർക്കാരിനെ ഒഴിവാക്കുകയല്ല, ചെളി നീക്കലാണ് അടിയന്തരമായി ചെയ്യേണ്ടത്. ചെളി നീക്കി എട്ട് മീറ്ററെങ്കിലും ആഴമുള്ള കനാലാക്കി നിലനിറുത്തുന്നതിനാണ് മുൻഗണന നൽകേണ്ടത്. ഇതിന് സർക്കാർ ഉടൻ നടപടിയെടുക്കുമെന്ന് കരുതുന്നതായും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ