ചിത്രയെ പങ്കെടുപ്പിക്കണമെന്ന സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഫലപ്രദമല്ലെന്ന്


കൊച്ചി : ലോക മീറ്റിൽ പി.യു ചിത്രയ്ക്ക് മത്സരിക്കാനാവാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ ചിത്രയെ പങ്കെടുപ്പിക്കണമെന്ന സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഫലപ്രദമല്ലെന്ന് വിലയിരുത്തി ഡിവിഷൻ ബെഞ്ച് നീക്കി. ഇടക്കാല ഉത്തരവിനെതിരെ ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ നൽകിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി. 

ലോക ചാമ്പ്യൻഷിപ്പിൽ അവസരം നഷ്ടപ്പെട്ട അത്‌ലറ്റിന് സാമ്പത്തിക നഷ്ടപരിഹാരം നൽകിയാൽ പോര. ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷനെ കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവു നൽകിയതെന്ന വാദം ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല. ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷന് നോട്ടീസ് നൽകിയിരുന്നു. അതേ സമയം അന്തിമ വിധിയ്ക്കു തുല്യമായ ഇടക്കാല വിധിയാണ് ഈ കേസിൽ സിംഗിൾബെഞ്ച് നൽകിയത് എന്ന അപ്പീലിലെ വാദത്തിൽ ചില കഴമ്പുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്താകാം സിംഗിൾബെഞ്ച് ഇത്തരമൊരു ഇടക്കാല ഉത്തരവു നൽകിയത്. അത്‌ലറ്റിക് വിദഗ്ദ്ധ സംഘത്തിന്റെ തീരുമാനമാണ് സിംഗിൾബെഞ്ച് നിരസിച്ചതെന്ന വാദവും ഡിവിഷൻ ബെഞ്ച് പരിഗണിച്ചു. വിവിധ ഇനങ്ങളുടെ സമയം താരതമ്യപ്പെടുത്താനാവില്ലെന്ന വാദവും ഡിവിഷൻ ബെഞ്ച് കണക്കിലെടുത്തു. ഫെഡറേഷന്റെ പ്രവർത്തനങ്ങളെ കുറിച്ച് മാദ്ധ്യമങ്ങളിലും സാമൂഹ്യ മാദ്ധ്യമങ്ങളിലും വന്ന വിമർശനങ്ങളെക്കുറിച്ച് ഫെഡറേഷൻ പ്രസിഡന്റിന്റെ തുറന്ന കത്തിൽ പറയുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ കോടതിക്ക് ഇടപെടാൻ കഴിയും. അതിൽ തെറ്റില്ല. ഗുണ്ടൂരിൽ നടന്ന മത്സരത്തിൽ 10,000 മീറ്ററിൽ ജി. ലക്ഷ്മണ പങ്കെടുത്തില്ല. പക്ഷേ ലോക മീറ്റിലേക്ക് ലക്ഷ്മണയെ ശുപാർശ ചെയ്തു. ഇയാളെ പങ്കെടുപ്പിക്കില്ലെന്ന് കത്തിൽ ഫെഡസേഷൻ പറയുമ്പോൾ ലിസ്റ്റിൽ ഉൾപ്പെടുത്തി. സ്വപ്ന ബർമ്മനെയും ഇതേപോലെ ഉൾപ്പെടുത്തിയിട്ടുണ്ട്. സുധ സിംഗും ലോകമീറ്റിൽ പങ്കെടുക്കേണ്ടയിനത്തിൽ ഗുണ്ടൂരിൽ മത്സരിച്ചില്ല. എന്നിട്ടും ഇവരെയും ഉൾപ്പെടുത്തി. പി.യു. ചിത്ര രണ്ടു തവണ ഏഷ്യൻ ചാമ്പ്യനായിട്ടും മോശം പ്രകടനമെന്ന പേരിൽ ഒഴിവാക്കി. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചു മികച്ച പ്രകടനം നടത്തി എന്നാണ് അർഹതയില്ലാത്തവരെ ഉൾപ്പെടുത്താൻ ന്യായമായി പറയുന്നത്. ലക്ഷ്മണയെ ഉൾപ്പെടുത്തിയത് ഇതേ ന്യായം പറഞ്ഞാണ്. ഒരു സമിതി ഇങ്ങനെ പ്രവർത്തിച്ചാൽ പൊതുജനം എന്താവും കരുതുക ? കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സമിതി ഇത്തരം പ്രവർത്തനത്തിലൂടെ എന്തു ലക്ഷ്യമാണ് കൈവരിക്കുന്നത് ? ഫെഡറേഷൻ സ്പോർട്സിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ? അത്‌ലറ്റുകളെ മത്സരത്തിൽ നിന്ന് മാറ്റി നിറുത്താനായി കാരണം കണ്ടെത്തുകയാണോ നിങ്ങൾ ചെയ്യുന്നത് ? യുവതാരങ്ങളെ നിരുത്സാഹപ്പെടുത്തുകയാണോ ? യുവതാരങ്ങളുടെ മനോവീര്യം കെടുത്തുകയാണോ ? ഇതാണോ ഫെഡറേഷൻ വഹിക്കുന്ന പങ്ക് ? ഉത്തരവാദിത്വപ്പെട്ട ഒരു സമിതി വ്യക്തമായ ഒരു നടപടിയെടുത്താൽ പൊതുജനമദ്ധ്യത്തിൽ ചോദ്യം ചെയ്യപ്പെടില്ല. ഒരു യുവതാരത്തെ ഒരു പ്രത്യേക ദിവസം മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെന്ന കാരണത്താൽ എങ്ങനെയാണ് ഒഴിവാക്കുന്നത് ? ഉത്തരവാദിത്വപ്പെട്ട സമിതികൾ കൂടുതൽ ഉത്തരവാദിത്വം കാണിക്കണം. മിൽഖാ സിംഗ് ടോക്കിയോവിൽ ഒാടിയത് ഇന്ത്യൻ അംബാസഡർ നൽകിയ ഷൂസ് നൽകിയാണ്. ചിത്രയെ മത്സരത്തിൽ പങ്കെടുപ്പിക്കുകയാണ് വേണ്ടിയിരുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നതിനു മുമ്പ് അത്‌ലറ്റിനെ ഫെഡറേഷൻ തോല്പിച്ചു. ചിത്രയെ പങ്കെടുപ്പിക്കാതിരുന്നതിലൂടെ ഫെഡറേഷന് എന്തു നേട്ടമുണ്ടായി ? - കോടതി വാക്കാൽ ചോദിച്ചു. 


 കോടതിയലക്ഷ്യ ഹർജിയിൽ നോട്ടീസ് 
ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ 1500 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുപ്പിക്കണമെന്ന സിംഗിള്‍ ബെഞ്ച് വിധി നടപ്പാക്കിയില്ലെന്നാരോപിച്ച് പി യു ചിത്ര സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജിയില്‍ അത്‌ലറ്റിക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.  ഇവര്‍ വിശദീകരണം നല്‍കണം. കേസ് ഈ മാസം 22ന് വീണ്ടും പരിഗണിക്കും.



കൊച്ചി : ലോക അത്‌ലറ്റിക് മീറ്റിൽ പങ്കെടുപ്പിക്കണമെന്ന ഇടക്കാല ഉത്തരവു പാലിച്ചില്ലെന്നാരോപിച്ച് പി.യു. ചിത്ര നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി സിംഗിൾബെഞ്ച് ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കുമ്പോൾ ചിത്രയെ മീറ്റിൽ പങ്കെടുപ്പിക്കാൻ കഴിയാതെ പോയതെന്തുകൊണ്ടാണെന്നും മത്സരാർത്ഥികളുടെ അന്തിമ ലിസ്റ്റ്  നൽകേണ്ട തീയതി കഴിഞ്ഞിട്ടും സുധ സിംഗിനെ എങ്ങനെ ഉൾപ്പെടുത്തിയെന്നും വിശദീകരിക്കാൻ ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷനോടു സിംഗിൾബെഞ്ച് നിർദേശിച്ചിരുന്നു. എന്നാൽ ഇന്നലെ ഹർജി വീണ്ടും പരിഗണനയ്ക്കു വന്നപ്പോൾ ഫെഡറേഷൻ ഭാരവാഹികളടക്കമുള്ളവർ ലണ്ടനിലാണെന്നും ഇവർ മടങ്ങി വന്നശേഷമേ വിശദീകരണം നൽകാനാവൂ എന്നും ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷന്റെ അഭിഭാഷകൻ ബോധിപ്പിച്ചു. ഫെഡറേഷന്റെ ഈ നടപടി കോടതിയലക്ഷ്യം തന്നെയാണെന്നും ഫെഡറേഷൻ സെക്രട്ടറിയെ വിളിച്ചു വരുത്തി വിശദീകരണം തേടണമെന്നും ചിത്രയുടെ അഭിഭാഷകൻ വാദിച്ചു. തുടർന്നാണ് ഇതിന് അധികാരമുള്ള ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്ക് ഹർജി വിടാൻ സിംഗിൾബെഞ്ച് നിർദേശിച്ചത്. ഹർജി ഡിവിഷൻ ബെഞ്ചിനു വിട്ടുകൊണ്ടുള്ള ഉത്തരവിൽ കോടതിയലക്ഷ്യത്തെക്കുറിച്ച് സിംഗിൾബെഞ്ച് പരാമർശമൊന്നും നടത്തിയിട്ടില്ല. 



കൊച്ചി : ലണ്ടനിൽ നടക്കുന്ന ലോക അത്‌ലറ്റിക് മീറ്റിൽ പി.യു ചിത്രയെ പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആഗസ്റ്റ് നാല് മുതൽ 13 വരെ നടക്കുന്ന മീറ്റിലേക്ക് മത്സരാർത്ഥികളെ തിരഞ്ഞെടുത്തത് സുതാര്യമായല്ലെന്നു വിലയിരുത്തിയ ഹൈക്കോടതി 1500 മീറ്ററിൽ ചിത്രയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു. 
ലോക അത്‌ലറ്റിക് മീറ്റിൽ നിന്ന് തന്നെ ഒഴിവാക്കിയതിനെതിരെ പി.യു. ചിത്ര നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഹർജിയിൽ വിശദമായ വാദം കേൾക്കേണ്ടതുള്ളതിനാൽ ആഗസ്റ്റ് മൂന്നിന് ഹർജി വീണ്ടും പരിഗണിക്കുന്നുണ്ട്. ലോക മീറ്റിൽ ചിത്രയ്ക്ക് പങ്കെടുക്കാനുള്ള അവസരം നഷ്ടമാകാതിരിക്കാനാണ് ഇടക്കാല ഉത്തരവെന്നും കോടതി വ്യക്തമാക്കുന്നു. ജൂലായിൽ ഭുവനേശ്വറിൽ നടന്ന ഏഷ്യൻ കായിക മേളയിൽ 1500 മീറ്ററിൽ പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് സ്വർണ്ണ മെഡൽ നേടിയിട്ടും തന്നെ ഒഴിവാക്കിയത് ചോദ്യം ചെയ്താണ് ചിത്ര ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ചപ്പോൾ ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷനോട് വിശദീകരണം തേടിയെങ്കിലും നേരിട്ടോ അഭിഭാഷകൻ മുഖേനയോ മറുപടി നൽകാൻ അസോസിയേഷൻ തയ്യാറായില്ല. തുടർന്ന് സിംഗിൾബെഞ്ച് കേന്ദ്ര സർക്കാരിനോട് ഇക്കാര്യം വിശദീകരിക്കാൻ ആവശ്യപ്പെട്ടു. 
ഇന്നലെ രാവിലെ നൽകിയ വിശദീകരണത്തിൽ ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ സ്വതന്ത്രമായി പ്രവർത്തിക്കുന്ന സംഘടനയാണെന്ന് കേന്ദ്ര സർക്കാർ വിശദീകരിച്ചിരുന്നു. തുടർന്ന് ഉച്ച കഴിഞ്ഞ് ഹർജി പരിഗണിച്ചാണ് വാദം കേട്ടത്. ചിത്രയെ പാർശ്വവത്കരിക്കാനാണ് ശ്രമിച്ചതെന്നും വിവേചനമാണ് കാട്ടിയതെന്നും രേഖകൾ പറയുന്നു. ഒരു അത്‌ലറ്റിക്കിന്റെ ജീവിതത്തിൽ ഇത്തരം അസുലഭ അവസരം ഒരിക്കൽ മാത്രം കിട്ടുന്നതാണ്. ഇതു നഷ്ടപ്പെടുത്തിയാൽ വീണ്ടും ഒരിക്കൽ കൂടി ലഭിക്കില്ല. ആ നിലയ്ക്കാണ് ചിത്രയെ പങ്കെടുപ്പിക്കാൻ നിർദേശിക്കുന്നതെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നക്സൽ വർഗീസ് പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവത്തിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട്

ഡ്രൈവർ അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ

സെൻകുമാറിനെ നിയമിക്കണമെന്ന ആവശ്യം