എം. വിൻസെന്റ് എം.എൽ.എ
കൊച്ചി : എം. വിൻസെന്റ് എം.എൽ.എയ്ക്കെതിരെ പരാതി നൽകുന്നതിൽ നിന്ന് വീട്ടമ്മയെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചെന്ന ആരോപണം നേരിടുന്ന സഹോദരിയും ഭർത്താവും നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. കേസിൽ ഇരുവരെയും പ്രതി ചേർത്തിട്ടില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ച സാഹചര്യത്തിലാണ് ഹർജി തീർപ്പാക്കിയത്. ഇവരെ പ്രതികളാക്കുന്ന സാഹചര്യമുണ്ടായാൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പത്തു വർഷമായി വീട്ടമ്മ മാനസികരോഗത്തിനു മരുന്നു കഴിക്കുകയാണെന്നും തങ്ങളുടെ സഹോദരനാണ് ആരോപണത്തിനു പിന്നിലെന്നും സഹോദരി വെളിപ്പെടുത്തിയിരുന്നു. എന്നാൽ പരാതി നൽകുന്നതു തടഞ്ഞ് സഹോദരി ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് താൻ ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന് വീട്ടമ്മയും പറഞ്ഞിരുന്നു. ഇതിൽ കേസെടുത്ത് അന്വേഷിക്കാനിടയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സഹോദരിയും ഇവരുടെ ഭർത്താവും ഹൈക്കോടതിയെ സമീപിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ