കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അംഗങ്ങളായി


കൊച്ചി : കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അംഗങ്ങളായി മുൻ ഡി.ജി.പി ടി.പി സെൻകുമാർ, മുൻ അഡി. ചീഫ് സെക്രട്ടറി വി. സോമസുന്ദരം എന്നിവരെ നിയമിക്കുന്ന നടപടികളുമായി കേന്ദ്ര സർക്കാരിനു മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാർ ഇതിനു നൽകിയ കത്തിൽ ശരിയായ ശുപാർശ നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ കത്ത് ശുപാർശയായി പരിഗണിച്ച് മുന്നോട്ടു പോകാനും ഇരുവരുടെയും നിയമനം സംബന്ധിച്ച് ഇന്ത്യൻ ചീഫ് ജസ്റ്റിസുമായി കൂടിയാലോചന നടത്താനും ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. 
ടി.പി. സെൻകുമാറിനെ ട്രിബ്യൂണൽ അംഗമായി നിയമിക്കുന്നതിനെ എതിർത്തു വന്ന സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം കനത്ത തിരിച്ചടിയാണ്. കെ.എ.ടി അംഗങ്ങളായി സെൻകുമാറിനെയും സോമസുന്ദരത്തെയും നിയമിക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട സമിതി ശുപാർശ ചെയ്തിട്ടും സർക്കാർ തുടർ നടപടികൾ വൈകിപ്പിക്കുന്നുവെന്നാരോപിച്ച് സതീഷ് വസന്ത് നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. തിരഞ്ഞെടുപ്പു സമിതി തയ്യാറാക്കിയ പട്ടിക, ഇതിൽ സംസ്ഥാന സർക്കാരിനുള്ള വിയോജിപ്പ്, ഗവർണറുടെ കുറിപ്പ്, കേന്ദ്ര സർക്കാരിന്റെ ശുപാർശ എന്നിവയാണ് ഇന്ത്യൻ ചീഫ് ജസ്റ്റിസിനു സമർപ്പിക്കേണ്ടത്. ഇതിന്മേൽ തീരുമാനമായാൽ നിയമനം ശുപാർശ ചെയ്ത് രാഷ്ട്രപതിക്ക് സമർപ്പിക്കുകയാണ് വേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. 
സെൻകുമാറിനെ ഉൾപ്പെടുത്തിയുള്ള പട്ടികയോടു സംസ്ഥാന സർക്കാരിനുള്ള വിയോജിപ്പ് കോടതി രേഖപ്പെടുത്തി. ഐ.പി.എസുകാരേക്കാൾ ഐ.എ.എസുകാരാണ് ഈ പദവിക്ക് അനുയോജ്യർ എന്ന നിലപാടാണുള്ളതെന്നും ഇതിനായി പുതിയ നിയമന നടപടികൾ തുടങ്ങുകയാണ് വേണ്ടതെന്നും സംസ്ഥാന സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം നിയമന നടപടികളുമായി മുന്നോട്ടു പോകണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ ശുപാർശ വേണമെന്നും ഇതിനുപകരം പുതിയ നിയമനത്തെക്കുറിച്ചാണ് കത്തിൽ സംസ്ഥാന സർക്കാർ പറഞ്ഞതെന്നും കേന്ദ്ര സർക്കാർ വിശദമാക്കി. ഹൈക്കോടതി ഇതും രേഖപ്പെടുത്തി. തുടർന്നാണ് നിയമന നടപടികളുമായി മുന്നോട്ടു പോകാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്. മൂന്നാഴ്ച കഴിഞ്ഞ് ഹർജി വീണ്ടും പരിഗണിക്കും. കെ.എ.ടി അംഗങ്ങളുടെ നിയമനം ഐ.എ.എസുകാർക്കായി സംവരണം ചെയ്ത പദവിയല്ലെന്നും പുതിയ നിയമന പട്ടികയുണ്ടാക്കൽ സംസ്ഥാന സർക്കാരിന്റെ ബാദ്ധ്യത അല്ലെന്നും ഹൈക്കോടതി വിലയിരുത്തി. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നക്സൽ വർഗീസ് പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവത്തിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട്

ഡ്രൈവർ അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ

സെൻകുമാറിനെ നിയമിക്കണമെന്ന ആവശ്യം