ശ്രീശാന്തിന് ബി.സി.സി.ഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി റദ്ദാക്കി.

കൊച്ചി : ക്രിക്കറ്റ് താരം ശ്രീശാന്തിന് ബി.സി.സി.ഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി റദ്ദാക്കി. ശ്രീശാന്തിനെതിരെ മതിയായ തെളിവില്ലാതെയാണ് ബി.സി.സി.ഐ അച്ചടക്ക നടപടി സ്വീകരിച്ചതെന്നും സിംഗിൾബെഞ്ചിന്റെ വിധിയിൽ പറയുന്നു. 
ഐ.പി.എൽ ആറാം സീസണിലെ വാതുവെപ്പ്  കേസിനെത്തുടർന്ന് 2013 ഒക്ടോബർ പത്തിനാണ് ബി.സി.സി.ഐ വിലക്ക് ഏർപ്പെടുത്തിയത്. ഇതിനെതിരെ ശ്രീശാന്ത് നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. രാജസ്ഥാൻ റോയൽസിലെ താരമായിരുന്ന ശ്രീശാന്തിനെ പഞ്ചാബ് കിംഗ്സ് ഇലവനുമായി നടന്ന മത്സരത്തിൽ വാതുവെപ്പിനു വിധേയനായി കളിച്ചെന്ന് കണ്ടെത്തി 2013 മേയ് 16 ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് ബി.സി.സി.ഐ അച്ചടക്ക നടപടിയെടുത്തത്. എന്നാൽ ഈ കേസിൽ പട്യാല അഡി. സെഷൻസ് കോടതി ശ്രീശാന്തിനെ കുറ്റ വിമുക്തനാക്കിയെങ്കിലും ബി.സി.സി.ഐ വിലക്ക് നീക്കിയില്ല. തുടർന്നാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്. ശ്രീശാന്തിനൊപ്പം അറസ്റ്റിലായ സുഹൃത്ത് ജിജു ജനാർദനനും വാതുവെപ്പുകാരനായ ചന്ദേഷ് ചന്ദുഭായ് പട്ടേലും തമ്മിലുള്ള ടെലിഫോൺ സംഭാഷണമാണ് കേസിലെ മുഖ്യ തെളിവായി ബി.സി.സി.ഐ ചൂണ്ടി കാട്ടുന്നത്. എന്നാൽ വാതുവെപ്പുമായി ശ്രീശാന്തിന് ബന്ധമുണ്ടെന്ന് തെളിയിക്കാൻ ഇതു മതിയായതല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ജിജു ജനാർദനന് വാതു വെപ്പ് സംഘവുമായി ബന്ധമുണ്ടായിരുന്നെന്ന് വ്യക്തമാണ്. ശ്രീശാന്തുമായുള്ള ചങ്ങാത്തം ദുരുപയോഗം ചെയ്ത് ജിജു പണമുണ്ടാക്കാൻ ശ്രമിച്ചെന്നും ശ്രീശാന്ത് ഇതിനു കൂട്ടു നിന്നില്ലെന്നും രേഖകൾ പരിശോധിച്ചാൽ മനസിലാകും. ശ്രീശാന്തിന് വാതുവെപ്പിനെക്കുറിച്ച് അറിവുണ്ടായിരുന്നോയെന്നതാണ് ഇവിടെയുയരുന്ന വാതുവെപ്പിനായി ശ്രീശാന്തിനെ ജിജു സമീപിച്ചോയെന്ന് തെളിവുകളിൽ വ്യക്തമല്ല. ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ നടപടി ക്രമമനുസരിച്ച് ഇത്തരത്തിൽ എന്തെങ്കിലുമുണ്ടെന്ന വിവരം ലഭിച്ചാൽ കളിക്കാരൻ അക്കാര്യം അധികൃതരെ അറിയിക്കണമെന്നുണ്ട്. വാതുവെപ്പിനെക്കുറിച്ച് ശ്രീശാന്തിന് അറിയുമായിരുന്നു എങ്കിൽപോലും ദേശീയ, അന്തർദേശീയ ക്രിക്കറ്റിൽ നിന്ന് നാലു വർഷത്തെ വിലക്ക് അനുഭവിച്ചത് ഇതിനുള്ള മതിയായ ശിക്ഷയാണ്. സുഹൃത്തായ ജിജു വാതുവെപ്പ് വിവാദത്തിലേക്ക് തന്റെ പേരുകൂടി വലിച്ചിഴച്ചെന്ന് അറിഞ്ഞപ്പോൾ തന്നെ ഇയാളെ ശ്രീശാന്ത് പരസ്യമായി തള്ളിപ്പറയണമായിരുന്നു. ക്രിക്കറ്റിന്റെ മാന്യത ഉയർത്തി പിടിക്കാനും ഇതനിവാര്യമായിരുന്നു. ഇതു ചെയ്യാതിരുന്നതാണ് അദ്ദേഹത്തെ സംശയത്തിന്റെ നിഴലിലാക്കിയത്.  ഇക്കാര്യത്തിൽ ശ്രീശാന്ത് കാട്ടിയ അലംഭാവം ശിക്ഷാർഹമാണ്.  നാലു വർഷത്തെ വിലക്ക് അനുഭവിച്ചു കഴിഞ്ഞതിനാൽ കൂടുതൽ ശിക്ഷ ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. 

രാജസ്ഥാൻ റോയൽസും പഞ്ചാബ് കിംഗ്സ് ഇലവനും തമ്മിലുള്ള മത്സരത്തിലെ തന്റെ ഒരോവറിൽ 14 റൺസിനുമേൽ വഴങ്ങുമെന്ന് ശ്രീശാന്ത് വാതുവെപ്പ് സംഘവുമായി ധാരണയുണ്ടാക്കിയെന്നും പത്തു ലക്ഷം രൂപയാണ് ഇതിനു വാങ്ങിയതെന്നുമായിരുന്നു കേസ്. ഏത് ഒാവറിലാണ് റൺസ് വഴങ്ങുന്നതെന്ന് അറിയിക്കാനായി തന്റെ പാന്റ്സിന്റെ പോക്കറ്റിൽ ടവൽ തിരുകി വെക്കും എന്നും ധാരണയുണ്ടാക്കിയെന്നാണ് പൊലീസ് നൽകിയ കുറ്റപത്രത്തിൽ വ്യക്തമാക്കിയത്. ഇതു തന്നെയാണ് ബി.സി.സി.ഐയും പരിഗണിച്ചത്. 
കൊച്ചി : നടൻ ദിലീപിന്റെ ഉടമസ്ഥതയിൽ ചാലക്കുടിയിലുള്ള ഡി സിനിമാസ് എന്ന തീയറ്റർ നഗരസഭ അടച്ചുപൂട്ടിയതിനെതിരെ സഹോദരൻ അനൂപ് ഹൈക്കോടതിയിൽ ഹർജി നൽകി. മതിയായ ലൈസൻസില്ലാതെയാണ് തീയറ്റർ പ്രവർത്തിച്ചിരുന്നതെന്ന് വിലയിരുത്തിയാണ് നഗരസഭ തീയറ്റർ പൂട്ടിയത്. എന്നാൽ നഗരസഭയുടെ തീരുമാനം നിയമവിരുദ്ധമാണെന്നും ലൈസൻസോടു കൂടിയാണ് തീയറ്റർ പ്രവർത്തിപ്പിച്ചിരുന്നതെന്നും ഹർജിയിൽ പറയുന്നു. ഹർജി ഇന്നു പരിഗണിച്ചേക്കും. 

കൊച്ചി : വിസ കാലാവധി കഴിഞ്ഞതിനെത്തുടർന്ന് അറസ്റ്റിലായ ചൈന സ്വദേശികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സോങ് ക്വി ഹൂ, ഹ്വീ ഷോലിൻ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ജൂൺ ഒന്നിന് ഇവരുടെ വിസ കാലാവധി കഴിഞ്ഞിരുന്നു. ഇവിടെത്തന്നെ തുടർന്ന സാഹചര്യത്തിൽ ജൂലായ് 19 നാണ് ഇരുവരെയും കാക്കനാട് ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പം ഒരു കുട്ടി കൂടിയുണ്ട്. 50,000 രൂപയും രണ്ട് ആൾ ജാമ്യവുമാണ് ഹൈക്കോടതി നിർദേശിച്ച വ്യവസ്ഥ. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുത്, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം എന്നീ വ്യവസ്ഥകളും ജാമ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നക്സൽ വർഗീസ് പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവത്തിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട്

ഡ്രൈവർ അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ

സെൻകുമാറിനെ നിയമിക്കണമെന്ന ആവശ്യം