ഷംന തസ്നീം:സ്റ്റേ ചെയ്തു
കൊച്ചി : കളമശേരി ഗവ. മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായിരുന്ന ഷംന തസ്നീം ചികിത്സാപ്പിഴവിനെ തുടർന്ന് കൊല്ലപ്പെട്ട സംഭവത്തിൽ ഡോ. ജിൽസ് ജോർജിനെതിരെ നടന്നു വരുന്ന ക്രൈംബ്രാഞ്ച് അന്വേഷണം ഹൈക്കോടതി ഒരുമാസത്തേക്ക് സ്റ്റേ ചെയ്തു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് സംസ്ഥാന തല അപെക്സ് ബോഡി തയ്യാറാക്കിയ റിപ്പോർട്ടിൽ ഷംനയ്ക്ക് ചികിത്സ നൽകിയതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് പറയുന്നു. എന്നാൽ ഇതു ശരിയല്ലെന്നും തെറ്റായ റിപ്പോർട്ടിന്മേൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്നും ചൂണ്ടിക്കാട്ടി ഡോ. ജിൽസ് ജോർജ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. 2016 ജൂലായ് 18 നാണ് ഷംന തസ്നിം കൊല്ലപ്പെട്ടത്. കളമശേരി ഗവ. മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗം തലവനും പ്രൊഫസറുമായ ഡോ. ജിൽസ് ജോർജിനെ സംഭവവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്തു. ഇതിനെതിരെ ഡോക്ടർ നൽകിയ പരാതി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ പരിഗണനയിലാണ്. ഇതു നിലനിൽക്കെയാണ് ചികിത്സാപ്പിഴവ് ആരോപിച്ച് കളമശേരി പൊലീസ് കേസെടുത്തത്. ഷംനയുടെ മരണം സംഭവിച്ച് അടുത്ത ദിവസം തന്നെ ആർ.എം.ഒ യടക്കമുള്ള മൂന്നംഗ സമിതി സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ചിരുന്നു. പരിമിതമായ സൗകര്യങ്ങൾക്കിടയിലും മതിയായ ചികിത്സ നൽകിയെന്നായിരുന്നു റിപ്പോർട്ട്. ഇതു പിന്നീട് ജില്ലാ മെഡിക്കൽ ഒാഫീസർ കൺവീനറായ വിദഗ്ദ്ധ സമിതിക്കു വിട്ടു. ചികിത്സ നൽകുന്നതിൽ വീഴ്ചയില്ലെന്ന് ഈ സമിതിയും റിപ്പോർട്ട് നൽകി. ഇതിനിടെ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ഷംന മരിച്ച ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് വിലയിരുത്തി സ്റ്റേറ്റ് ലെവൽ അപെക്സ് ബോർഡ് തയ്യാറാക്കിയ മറ്റൊരു റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് നൽകിയിട്ടുണ്ട്. അപെക്സ് ബോർഡിന് രൂപം നൽകിയതു തന്നെ സുപ്രീം കോടതിയുത്തരവിന്റെ ലംഘനമാണെന്നും വിദഗ്ദ്ധരുൾപ്പെടാത്ത അപെക്സ് ബോർഡിന്റെ റിപ്പോർട്ടിന്മേൽ നടപടിയെടുക്കുന്നത് തടയണമെന്നുമാണ് ഡോ. ജിൽസ് ജോർജിന്റെ ആവശ്യം.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ